Saturday 18 October 2008
ചില ദീപാവലി ഓർമ്മകൾ.
അന്ന് അച്ഛൻ പറഞ്ഞു.
“ ഈ പടക്കം യാതൊരു വകതിരിവും ഇല്ലാത്ത ഒരു സാധനമാ, ചിലപ്പോ അതു നമ്മുടെ കയ്യിലിരുന്നു തന്നെ പൊട്ടിക്കളയും. അതു പൊട്ടുന്ന കാണാൻ നല്ല രസമാണെങ്കിലും നമ്മുടെ കയ്യിലിരുന്നു പൊട്ടുമ്പോ അത്ര രസം കാണില്ല. മണ്ടന്മാരാണ് അതൊക്കെ ഇങ്ങനെ പൊട്ടിക്കുന്നത്. നമ്മൾ ബുധ്ദിയുള്ളവർ അതു ചെയ്യരുത്. നമുക്ക് ഈ മണ്ടന്മാരെ പ്രോത്സാഹിപ്പിക്കാം. അപ്പോ മണ്ടത്തരം കാണിക്കേം വേണ്ട പടക്കം പൊട്ടുന്ന കാണേം ചെയ്യാം.”. ബുദ്ധിമതിയായ മകൾ എന്ന നിലയിൽ ഞാൻ അതു അനുസരിച്ചു പോരുന്നു.
അന്നൊക്കെ പാതിരാത്രി വരെ പടക്കവും പൂക്കുറ്റിയും മത്താപ്പും ഒക്കെയായി അങ്ങനെ നല്ല രസമായിരുന്നു. പിറ്റേന്ന് രാവിലെ എണീറ്റ് അയലത്തെ വീടുകളിലൊക്കെ ഒരു റൌണ്ട്സ് ഉണ്ട്. അവിടുത്തെ മുറ്റത്തെ അവശിഷ്ടങ്ങൾ നോക്കി ഒന്നു വിലയിരുത്താമല്ലോ ഇന്നലെ അവരെത്ര പടക്കം പൊട്ടിച്ചെന്ന്. നമ്മുടെ മുറ്റത്തുള്ളത് രാവിലെ തന്നെ തൂത്തുകൂമ്പാരമാക്കി ഇട്ടിരിക്കും. ഇതേ ഉദ്ദേശത്തോടെ ഇവിടെ വരുന്നവരുടെ മുൻപിൽ ആളാവണമല്ലോ.
“ഹോ ഇന്നലെ പടക്കം കേട്ട് കേട്ട് നമ്മള ചെവി പൊട്ടി അല്ലേടേ (അനിയത്തിയോട്). എത്ര പടക്കമായിരുന്നു. ഒരു പതിനായിരം പടക്കമെങ്കിലും പൊട്ടിച്ചു കാണും.“ ( എന്തൊരു സാറ്റിസ്ഫാക്ഷൻ. )
ഇടയ്ക്കൊരിക്കൽ ഒരു ദീപാവലിക്കാലത്ത് ഒത്തിരി അപകടങ്ങൾ ഉണ്ടായി പടക്കക്കടകളിലും നിർമ്മിക്കുന്നിടത്തും ഒക്കെ. പൂത്തിരിയിലും മത്താപ്പിലും വരെ വെടി പൊട്ടി. അപ്രാവശ്യവും അതിനെ തുടർന്നു രണ്ടുമൂന്നുവർഷം അച്ഛൻ പടക്കം വാങ്ങിയില്ല. ഒൺലി പൊട്ടാസ്. അയലത്തൊക്കെ നല്ല ഡും ഡും പൊട്ടുമ്പോൾ ഞാനും അനിയത്തിയും കുറേ പൊട്ടാസുകൾ അടുക്കിവച്ച് ചുറ്റികയ്ക്ക് അടിച്ചു ഒരുവിധം പിടിച്ചു നിന്നു.
കൊച്ചച്ചന്മാരും മാമന്മരും ഒക്കെ കുടുംബസ്ഥരായപ്പോയപ്പോൾ പണ്ടേപ്പോലെ പടക്കം പൊട്ടിക്കാൻ ആളില്ലാതായ്. ദീപാവലികൾ പണ്ടത്തെപ്പോലെ രസമില്ലാതായ്. മാത്രമല്ല പടക്കം പൊട്ടിക്കാതെ തന്നെ കൈപൊള്ളാൻ തുടങ്ങിക്കഴിഞ്ഞിരുന്നു അപ്പോഴേയ്കും അതോണ്ട് അച്ഛൻ ബഡ്ജറ്റും കുറച്ചു. മത്താപും പൂത്തിരീം ഒക്കെ മതി എന്നു ഞങ്ങൾ പറഞ്ഞാലും അച്ഛൻ കുറേ പടക്കങ്ങൾ കൂടി വാങ്ങി വന്നു. അങ്ങനെ ആ ബാധ്യത ഞങ്ങളിൽ വന്നു ചേർന്നു. അതിനു വഴിയുണ്ട്. ഒരു വലിയ കമ്പിന്റെ അറ്റത്തു ഒരു കുഞ്ഞു പന്തം പിടിപ്പിക്കുക, പടക്കം തിരി പുറത്തേയ്ക്ക് വരത്തക്ക വിധം മതിലിൽ വയ്ക്കുക.കമ്പിലെ പന്തം ഉപയോഗിച്ച് പടക്കം കത്തിക്കുക.
സംഗതി ക്ലീൻ. പക്ഷേ ഒരു ഇത് വരുന്നില്ല. രണ്ടുമൂന്നുപേർ തുരു തുരാ കത്തിയ്ക്കുന്ന പടക്കങ്ങൾ ഠപ്പേ, ഠപ്പേ എന്നു പൊട്ടുന്ന ഒരു സുഖമില്ല. ഞങ്ങൾ പൊട്ടിക്കുമ്പോ ഠപ്പേകൾ ക്കിടയിൽ വലിയ ഗ്യാപ്പ്.
അതിനു വഴി കണ്ടെത്തി. നാലെഞ്ചണ്ണത്തിന്റെ തിരികൾ ഒന്നിച്ചു കെട്ടി തീ കൊടുക്കുക. കൊള്ളാം സംഗതി ഏതാണ്ട് ഏൽക്കുന്നുണ്ട്.
അങ്ങനെ ഗ്രൂപ്പാക്കിയ ഒരു പടക്കം മതിലിൽ വയ്ച്ച് അതു കത്തിക്കാൻ, ശത്രുപാളയ്ത്തിലേയ്ക്ക് കുന്തവുമായി ഒളിച്ചു നീങ്ങുന്ന പോരാളിയേപ്പൊലെ ഞാൻ കമ്പിൽ കെട്ടിയ പന്തവുമായി പടക്കത്തെ സമീപിക്കേ...
ഠപ്പേ .. അയ്യോ.
ഠപ്പേ ഠപ്പേ അയ്യോ എന്റച്ഛോ.... ഠപ്പേ
ഠപ്പേ
മോളേ മോളേ .. ചേച്ചീ ഇത്യാദി ശബ്ദങ്ങളാൽ അന്തരീക്ഷം അലങ്കോലമായി.
സിറ്റൌട്ടിൽ നിന്നും അച്ഛനും അനിയത്തീം ചാടിയിറങ്ങി നോക്കിയപ്പോൽ കുറച്ചു മാറി തെങ്ങിൻ ചോട്ടിൽ ഒരനക്കം ടോർച്ചടിച്ചു നോക്കിയപ്പോൽ മോൾ കിരീടധാരണം ഒക്കെ കഴിഞ്ഞപോലെ കയറി വരുന്നു.
അതേ ചെറിയ ഒരു ടെമിങ്ങിന്റെ പ്രശ്നമായിരുന്നു. ആദ്യം പൊട്ടിച്ച ഗ്രൂപ്പു പടക്കത്തിലെ മെമ്പേർസ് ഗ്രൂപ്പു കളിച്ചതായിരുന്നു. അതിലൊരാൾ മാത്രം പൊട്ടി ബാക്കി ഉള്ളവർ മുറ്റത്തു തെറിച്ചു വീനു. ഇതോർക്കാതെ അടുത്തസെറ്റ് പൊട്ടിക്കാൻ ഞാൻ പോകുമ്പോഴായിരുന്നു. നേരത്തേ പണിമുടക്കിയവർ കർമ്മനിതരായത്. പ്രാണൻ കയ്യില്പിടിച്ചോടിയപ്പോ തെങ്ങിഞ്ചോട്ടിൽ കമ്പോസ്റ്റ് കുഴിയാണെന്നു ഓർമ്മിച്ചില്ല.
പിന്നെ പയ്യന്നുരിൽ താമസിക്കുമ്പോഴാ, അവിടെ ദീപാവലിയ്ക്ക് അല്ല വിഷുവിനാണ് പടക്കം. ഒരു വിഷുവിൻ രണ്ടു നാൾ മുന്പേ എല്ലാരും നാട്ടിൽ പോയി. ഞങ്ങൾ മൂന്നാൾക്ക് മാത്രം ലീവ് കിട്ടിയില്ല പിറ്റേന്നേ പൊകാനാകൂ. അന്നു രാത്രി ആഘോഷിക്കാൻ തീരുമാനിച്ചു. ടൌണിൽ പോയി കുറേ മത്താപ്പും പൂത്തിരിയും ചക്രോം ഒക്കെ വാങ്ങിവന്നു. ഒക്കെ കത്തിച്ചു തീർന്നപ്പോൾ ഞങ്ങടെ കുക്ക് ഞാൻ സാവൂന്ന് വിളിക്കുന്ന സാവിത്രിയേച്ച്ചി പറഞ്ഞു ഇനി വിഷുക്കോടി കൂടി വാങ്ങിക്കോളീന്ന്ൻ. പിറ്റേന്ന് മലബാറു പിടിക്കുന്നതിനു മുൻപ് തേജസിൽ പോയി മൂന്നു സാരി കൂടി വാങ്ങി മടങ്ങി. അങ്ങനെ ആദ്യമായി വിഷുക്കോടി വാങ്ങി വന്ന ആ വിഷുവിനാണ് ഒരിക്കലും മറക്കാത്ത ഒരു വിഷുവാക്കി അച്ഛൻ ഞങ്ങളെ വിട്ടു പോയത്.
അച്ഛനില്ലാതായപ്പോൾ നിറം മങ്ങിപ്പോയ ഒത്തിരി ആഘോഷങ്ങളുടെ കൂടെ ഒന്നു കൂടി. അച്ഛനു കാണാനല്ലെങ്കിൽ പിന്നെന്തിന് എന്ന തോന്നലിൽ പിന്നെ ദീപാവലികൾ ആഘോഷിക്കാൻ തോന്നിയിട്ടില്ല. ഇപ്പോ ഈ പുതിയ താമസസ്ഥലത്ത് ഒന്നിച്ചു പടക്കങ്ങൾ വാങ്ങാൻ ഞങ്ങളുടെ പങ്കിന് റെസിഡൻസ് അസോസിയേഷൻകാർ വന്നിരുന്നു. കൊടുത്തിട്ടുണ്ട്.
എല്ലാർക്കും എന്റെ ദീപാവലി ആശംസകൾ
Sunday 21 September 2008
തിരക്കഥ, ഒരു സാദാ കാഴ്ച
കൊള്ളാം, മാടമ്പിത്തരങ്ങളും പെഡിഗ്രി ബാധകളും ഒഴിഞ്ഞ ഒരു രെഞ്ജിത്ത് ചിത്രം. ചെറുതല്ലാത്ത ഒരു വേഷം അഭിനയിക്കുന്നുമുണ്ട് സംവിധായകൻ. നല്ലൊരു കഥ നന്നായി തന്നെ പറഞ്ഞിരിക്കുന്നു. എങ്കിലും എനിക്കു തോന്നിയ ചില കാര്യങ്ങൾ കൂടി പറഞ്ഞോട്ടെ.
പ്രിഥിരാജ് അഭിനയിക്കാൻ പഠിച്ചിരിക്കുന്നു. സുരേഷ് കൃഷ്ണ ആദ്യമായി ഒരു സിനിമയിൽ അഭിനയിച്ചു കണ്ടു. ഇതു വരെ കണ്ണും മുഖവും കൊണ്ടു കൊപ്രായം കാണിക്കുന്നതെ കണ്ടിട്ടുള്ളൂ.
ഒരു അനുഗ്രഹീത കലാകാരിയുടെ കഥയാണെന്നൊക്കെയാ കേട്ടത്. തുടക്കത്തിലേ തകർന്നു പോയൊരു ദാമ്പത്യവും, രോഗാതുരയായ അന്ത്യവുമല്ലാതെ വലിയ സാമ്യമൊന്നും എനിക്കു തോന്നിയില്ല.
ശ്രീവിദ്യാമ്മയുടെ ഫോട്ടോ ഒക്കെ വച്ച പോസ്റ്റർ കണ്ടപ്പോളേ തോന്നി ഇങ്ങനെ ഒരു കഥയാണെങ്കിൽ പിന്നെ ഇവരുടെ ആകാര സാമ്യവും, അഭിനയ പാടവും ഉള്ള നടികൾ നമുക്കുണ്ടല്ലോ പിന്നെ എന്തിനാ പ്രിയാമണി എന്നു. ഒരു പാട്ടു കണ്ടപ്പോൾ ആ സംശയം മാറി.
പാട്ടിന്റെ കാര്യം പറഞ്ഞപ്പോഴാ, ശരത്തിന്റെ സംഗതികൾ ഒന്നും സിനിമയ്ക്ക് ഗുണം ചെയ്തില്ല. പാലപ്പൂ എന്ന പാട്ടു മാത്രം മനസിൽ നിൽക്കുന്നുള്ളൂ. അതു തന്നെ കുറേ വട്ടം ചാനലിൽ കണ്ടതു കൊണ്ടാണെന്നു തോന്നുന്നു.
വിവാഹത്തിലെത്തിയ അതിതീവ്രമായ പ്രണയം അത്രയേറെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിച്ച, പരസ്പരം മനസിലാക്കുകയും വിട്ടുവീഴ്ചകൾക്ക് തയ്യാറാവുകയും ചെയ്ത ആ ദമ്പതികളെ വേർപിരിച്ച ആ രഹസ്യം ക്രൂരമായൊരു സത്യമാണെന്ന് വെളിപ്പെടുത്താനും മനസിലാക്കാനും മരണക്കിടക്ക വരെ കാത്തിരിക്കേണ്ടി വന്നു എന്നിടത്ത് തിരക്കഥ വെറും തിരക്കഥയായിപ്പോയി.
മനസിൽ തെളിഞ്ഞു നിൽക്കുന്നത്:
തെളിഞ്ഞ ആകാശത്തിന്റെ പശ്ചാത്തലത്തിൽ ചെമ്മൺ ക്വോറിയിൽ പ്രിഥിയും കൂട്ടരും നൃത്തം ചെയ്യുന്ന ഫ്രെയിമിന്റെ സൌന്ദര്യം.
അവസാന സീനിന്റെ തീവ്രത.
അനൂപിന്റെ ഭംഗിയുള്ള ചിരി.
Monday 19 May 2008
നിഴലുകള്‍
അഗ്രഗേറ്ററുകള്‍ മുഖം തിരിച്ചതിനാല്‍ ഇവിടെ ചേര്‍ക്കുന്നു.
http://kathayidam.blogspot.com/
Monday 24 March 2008
അന്നൊരു വെള്ളിയാഴ്ചയായിരുന്നു
അന്നൊരു വെള്ളിയാഴ്ചയായിരുന്നു.ഒരു ശമ്പള ദിനവും. അക്കൌണ്ടിലെ അഞ്ചക്കം എങ്ങനെ നാലിലേയ്ക്കും മൂന്നിലേയ്ക്കും മാറ്റാം എന്നുള്ള കൂലങ്കഷമായ ചിന്തകളും, എജ്യൂക്കേഷന്‍ ലോണിന്റെ ഭാരം അത്രകൂടി കുറഞ്ഞല്ലോ എന്നുള്ള ആശ്വാസ ചിന്തകളും ഒക്കെ ഏറ്റക്കുറച്ചിലോടേ ചുറ്റിത്തിരിയുന്ന ഒരു ദിവസം. എന്തോ അന്ന് ഓഫീസില്‍ ഒരു മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു കാരണം ആര്‍ക്കുമൊട്ടറിയില്ല താനും. റ്റീ ബ്രേയ്ക്ക് കഴിഞ്ഞു വന്നപ്പോള്‍ ഒരാളെ ഹെഡിന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചു , എന്തേലും വര്‍ക്കിന്റെ കാര്യം പറയാനായിരിക്കും. പത്തു പതിനഞ്ചു മിനിട്ടിനുശേഷം പുറത്തിറങ്ങിയ ആളിന്റെ മുഖം കണ്ടപ്പോള്‍ മനസിലായി കാര്യം പന്തിയല്ല. അടുത്തയാള്‍ അകത്തേയ്ക്കു പോയി. എല്ലാവരും കാര്യമറിയാതെ പരസ്പരം നോക്കിയിരിക്കുകയാണ്।അതാ മൂന്നാമത്തെ ആളും കാബിനിലേയ്ക്ക് കയറിപ്പോയ്. ചില മര്‍മ്മറിങ്സ് കാര്യം വ്യക്തമാക്കി ‘ടെര്‍മിനേഷന്‍’ എല്ലാ ചങ്കുകളും ഒന്നു പിടഞ്ഞു. എല്ലാ കണ്ണുകളും അവനവന്റെ മുന്നിലെ സ്ക്രീനിലാണ് പക്ഷെ എല്ലാരും കാണുന്നത് ഹെഡിന്റെ ക്യാബിന്റെ ഡോറാണ്. കിടുക്കള്‍ കൂസ്സാതെ പണിയുന്നു. അര കിടുക്കള്‍ നേരിയ കിടുകിടുപ്പോടെ വന്‍പിച്ച പണി എന്ന മട്ടില്‍ ഇതു വരെ ഉള്ള സ്വന്തം പെര്‍ഫോമന്‍സ് ഒന്നു രീവൈന്ഡ് ചെയ്തും റിലേറ്റഡ് ഡിപ്പാര്‍ട്ടുമെന്റെ ദൈവങ്ങളെ വിളിച്ചും ഇരിക്കുന്നു. ഇതില്‍ രണ്ടിലും പെടാത്തവര്‍ അതെനിക്ക് വിവരിക്കാന്‍ കഴിയില്ല സുഹ്രുത്തുക്കളെ, എനിക്കൊരു ഹ്ര്ദയം ഉണ്ടെന്നും അതു മിനിട്ടില്‍ 168 പ്രാവശ്യം ഇടിക്കുന്നതാണെന്നും, 17 ഡിഗ്രി സെന്റിഗ്രേഡിലും ഹ്യൂമന്‍ ബീയിങ്സിനു വിയര്‍ക്കാന്‍ പറ്റുമെന്നും, സദാ 550 രെയ്ഞ്ചില്‍ വിഹരിക്കുന്ന എന്റെ സ്വനഗ്രാഹികള്‍ 20 ലും വര്‍ക്കുചെയ്യാന്‍ കഴിയുന്നവയാണെന്നുമുള്ള മഹാ സത്യങ്ങള്‍ ഞാന്‍ മനസിലാക്കിയതന്നാണ്. അകത്തു പോയ ആള്‍ പുറത്തിറങ്ങി. ഉറനെ ആരെയും വിളിച്ചില്ല. അകത്ത് ഹെഡും ടി എല്ലും ഡിസ്കഷനിലാണ്। ലേബര്‍ റൂമിനു പുറത്തിരിക്കുന്ന ഭര്‍ത്താക്കന്‍ മാരെപ്പോലെ ഇരിക്കയാണു എല്ലാരും. അതാ വരുന്നു അടുത്തകോള്‍ അതു ‘വിനോദിനാണ്’ ।എല്ലാരും ഒന്നു ഞെട്ടി, ഒരരകിടുവും എല്ലാരുടെയും കണ്ണിലുണ്ണിയുമായ നമ്മുറ്റെ സ്വന്തം വിനോദ്. പക്ഷേ വിനോദ് ഞെട്ടിയില്ല കാരണം ഞെട്ടാന്‍ മാത്രം ശക്തി അവശേഷിച്ചിരുന്നില്ല. തൂക്കുമരത്തിലേയ്ക്ക് പോകുന്നവനെപ്പോലെ ആ പാവം പയ്യന്‍ ഹെഡിന്റെ ക്യാബിനിലേയ്ക്ക്. തക്കാളി പോലിരുന്ന മുഖമിപ്പോള്‍ ബോണ്ടു പേപ്പര്‍ പോലായി. കുതിരക്കുട്ടിയെപ്പോലെ തുള്ളിച്ചാടി നടന്നവനാ കണ്ടില്ലേ ചിക്കന്‍ ഗുനിയ പിടിച്ചപോലാ കേറിപ്പോയത്.
ഏല്ലാവരും ശ്വാസമടക്കിയിരുന്നു.
ഹെഡ് ആംഗലമുത്തുകളെ സാധാരണ പൊഴിക്കാറുള്ളൂ.
സൈഡ് ഗ്ലാസ്സിലൂടെ എനിക്ക് വിനോദിന്റെ മുഖം കാണാം
ഒരു തംശേഅം മനുവിനോട് ചോദിക്കാം
അതെ, ഹെഡ് ഇതൊക്കെ ഇഗ്ലീഷിലാണോ അതോ മലയാളത്തിലാണോ പറേന്നത്.
സാധാരണ ഇംഗ്ലീഷാ.
അല്ല വിനോദ് ചറ പറാ മറുപടി പറയുന്നു
എന്നാ മലയാളത്തിലാ
അതാ വരുന്നു വിനോദ് നിറഞ്ഞ ചിരിയോടെ അത്യാഹ്ലാദത്തോടെ,
കര്‍ത്താവെ ചെക്കന്റെ കല്ലിളകിയെന്നാ തോന്നുന്നത്। അല്ലേലും ഇപ്പോഴത്തെ പിള്ളാരിങ്ങനാ ഒന്നിനും ഒരു മനോബലമില്ല. എങ്കിലും ഈ കൊച്ചനിതു വന്നല്ലോ.
അകത്തു നടന്നത് :
ഹല്ലോ വിനോദ് ഇരിക്കൂ
ഇരുന്നു
ആ ഇരിപ്പുകണ്ടപ്പോള്‍ ആ സീറ്റില്‍ കുഷ്യനു പകരം ചക്കമടലാണോ എന്നു സംശയിക്കും.
വൊര്‍ക്ക് ഒക്കെ എങ്ങനെ പോകുന്നു.
ബാക്കി ഉണ്ടായിരുന്ന അല്പ ശ്വാസവും ഏതണ്ട് നിന്നു പോയി.
പുര നിറഞ്ഞ് നില്‍ക്കുന്ന് താന്‍,ഇനിയും അടവു തീരാത്ത കാര്‍, തവണ അടപ്പിക്കാന്‍ കാത്തു നില്‍ക്കുന്ന ബാങ്കിന്റെ സ്റ്റാഫ്(?), അവന്റെ ആരോഗ്യം, റ്റീ ബ്രേയ്ക്കിനു പോകുമ്പോള്‍ കിട്ടാറുള്ള ഒരു പാലാച്ചിരി.അങ്ങനെ ഒരു കൂട്ടം കാര്യങ്ങള്‍ അപ്പോ ആ മനസിലൂടെ കടന്നു പോയി.
ഹെഡ് ഒന്നും മിണ്ടുന്നില്ല പുള്ളി എന്തോ തിരയുന്നു.
അയ്യോ അങ്ങേരതാ ഒരു ലെറ്റര്‍ കൈയ്യിലെടുത്തു.
എന്തൊക്കയോ പറയുന്നു. വര്‍ക്ക്,ക്വാളിറ്റി, ട്രസ്റ്റ് എന്നൊക്കെ ചില വാക്കുകള്‍ മാത്രമെ കേട്ടുള്ളൂ.
അവസാനം ഒരു കണ്‍ഗ്രാട്സും.
ഓ ഇനി കിട്ടാനുള്ള ജോലിക്കാകും.
അല്ലല്ലോ ഹെഡ് വേറെന്തോക്കയോ ആണല്ലോ പറയുന്നത്.
അയ്യോ ഇതു അതായിരുന്നോ
മഹാപാപീ ഇതും ഇപ്പോ തന്നെ വേണായിരുന്നോ. മനുഷനേ ടെന്‍ഷന്‍ അടിപ്പിച്ചു കൊല്ലാന്‍(മനസിലാണേ)അതു പുറത്തു വന്നതിങ്ങനാ
തേങ്ക്യൂ സര്‍
അതിന്റെ ആദ്യവും അവസാനനും കാറ്റായ്പ്പോയതിനാല്‍ യൂ എന്നോ മറ്റോ ആണ് എച്ചോ കേട്ടത്.
‘യെസ് ആം ?’
‘നത്തിംഗ് സര്‍’.
വിനോദ് സീറ്റിലിരുന്നു. മനു 60 ഡിഗ്രി ചാഞ്ഞ് കാര്യം മനസിലാക്കി. ഞാനും ചാഞ്ഞു മനുവിന്റെടുക്കലേയ്ക്ക്.
അതേ വിനോദിന്റെ കണ്‍ഫര്‍മേഷന്‍ ലെറ്റര്‍ ഇതേ വരെ കൊടുത്തില്ലാരുന്നു അതാ.
കുറേ നേരം കഴിഞ്ഞു വിനോദ് വീണ്ടും അതെടുത്ത് നോക്കുന്ന കണ്ട് ഞാന്‍ ചോദ്യരൂപേണ മനുവിനെ നോക്കി.
അല്ല പുള്ളി ഉദ്ദേശിക്കുന്നതു തന്നെയാണോ അതിലേഴുതിയേക്കുന്നതെന്നു നോക്കിയതാ.
ഓഹോ....
Wednesday 12 March 2008
Sunday 9 March 2008
ബ്ലോഗേര്‍സ് മീറ്റ്

ബൂലോകരെ ഒരു മീറ്റ് കഴിഞ്ഞു.
സ്ഥലം: മ്യൂസിയം റൌണ്ട്
സമയം: 5.15 -6.45
പങ്കെടുത്തവര്‍: പ്രയാസി, കാര്‍വര്‍ണ്ണം.
കാര്യപരിപാടികള്‍:
പരിചയ പ്രസംഗം.
പരസ്പരം പുകഴ്ത്തല്‍
ബ്ലോഗ് ചര്‍ച്ച।
ജനഗണമന പാടി പിരിഞ്ഞു.

മീറ്റിനു സ്പോണ്‍സേഴ്സ് ഇല്ലാത്തതിനാല്‍ മറ്റു പരിപാടികള് ഇല്ലായിരുന്നു।
മീറ്റുകൊണ്ടുണ്ടായ ഗുണം:
എന്നെക്കാളും വലിയ കത്തികള്‍ ഉണ്ടെന്നു മനസിലായി
Saturday 1 December 2007
ജാം ജാം ട്രാഫിക്ക് ജാം.
അല്ലേത്തന്നെ നൂറു കൂട്ടം പ്രശ്നങ്ങളാ എനിക്കാണെ ഈ റോഡും, ടാറും, ഗട്ടറും ഒക്കെ കാണുമ്പോഴാ പല ഐഡിയകളും വരുന്നെ. വേറെവിടിരുന്നാലോചിച്ചാലും പുകയുതിര്‍ക്കുന്ന പ്രോബ്ലംസ് ഒക്കെ റോഡിലെത്തിയാല്‍ ടക് ടകെന്നല്ലെ സോള്‍വാകുന്നെ. ഒരീസം ഓഫീസീന്നെറങ്ങിയപ്പോല്‍ ഒരു ചാറ്റല്‍മഴ അമാന്തിച്ചില്ല “ആലിപ്പഴം പെറുക്കാന്‍ പോപ്പിക്കുട നിവര്‍ത്തി” പ്രോബ്ലംസ് സോള്‍വു ചെയ്തു ചെയ്തു നടന്നു ഇടയ്ക്കൊന്നു ഫ്രീയായപ്പൊ , അതേ ആള്‍ക്കാരൊക്കെ നമ്മളെത്തന്നെ നോക്കുന്നു. ഇതെന്താണപ്പാ പെയ്തത് വല്ല കളറു മഴയുമാണൊ, കളറെങ്ങാന്‍ മാറിയോ എന്നോക്കെ ഓര്‍ത്ത് ചുറ്റുപാടൊക്കെ ഒന്ന് ഒബ് സെര്‍വു ചെയ്തപ്പോഴല്ലേ. മഴ തോര്‍ന്നു, തോര്‍ന്നു എന്നല്ല ആ ഏരിയായില്‍ അടുത്തിടെയെങ്ങും മഴയേ പെയ്ത ലക്ഷണമില്ല. ഈ മൂവന്തിയ്ക്ക് കൊടേം ചൂടി ഇതാരടാപ്പാന്നാ നാട്ടാരു നോക്കണെ. ഈ ആളോളുടെ കാര്യേ അവനോന്റെ കാര്യം നോക്കിയാപ്പോരേ. ഒരൂസം രാവിലെ ഈ സ്റ്റേജും കഴിഞ്ഞു കേട്ടോ. കൊടേംചൂടി ഓഫീസിനകത്ത്, സ്റ്റെപ് കയറിയപ്പോള്‍ ഒരു സഹന്‍ എതിരെ വരുന്നു. അവന്റെ ആക്കിയ ഇളി കണ്ടിട്ടും മനസിലാകാതെ നോം മുന്നോട്ടു തന്നെ ഹലോ എന്താടെ അകത്തു ചോര്‍ച്ചയുണ്ടോ എന്നു ചോദിച്ചപ്പഴാ വിര്‍ച്ച്വല്‍ വേള്‍ഡില്‍ നിന്നും പുറത്തിറങ്ങിയതു. നിന്നോടും കെഞ്ചേണ്ടി വന്നല്ലോ എന്ന ബാബു ആന്റണിയുടെ വൈശാലിയിലെ ഡയലോഗ് മനസില്‍ പറഞ്ഞിട്ട് അവനോടു പറഞ്ഞു പ്ലീസ് ആരോടും പറയല്ലേ. ഇല്ലെന്നുറപ്പും കിട്ടിയതാ സാമദ്രോഹി വാക്കു തെറ്റിച്ചു.
ഇതൊക്കെ കാരണം റോഡിലെ ടു, ഫോര്‍ വീലുകാരൊക്കെ മിക്കവാറും എന്നെ അഭിവാദ്യം ചെയ്തേ പോകാറുള്ളൂ. (ഈ ഭരണിപ്പാട്ട് കൊടുങ്ങല്ലൂരു മാത്രം ഉള്ള ഏര്‍പ്പാടല്ല അല്ലേ) പലതിന്റേം അവസാന ഭാഗം മാത്രമെ ഞാന്‍ കേള്‍ക്കാറുള്ളൂ. വായു ഗുളികയ്ക്ക് പോകുന്നവന്‍ അതേ സ്പീഡില്‍ തന്നെയും അതില്‍ താഴെ ആവശ്യമുള്ളവര്‍ വണ്ടി ഒന്നു സ്ലോ ചെയ്തും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കും. എന്റെ അഭിപ്രായത്തില്‍ ഈ ഹെല്‍മറ്റ് നിര്‍ബന്ധമാക്കണം നാലുവീലിനുള്‍പ്പെടെ അതിരിക്കുമ്പൊ അധികം അലയ്ക്കില്ലല്ലോ അറ്റ്ലീസ്റ്റ് പറയുന്നത് അഡികം പുറത്തു കേള്‍ക്കില്ലല്ലോ. അല്ലേലും ഈ വണ്ടീപ്പോകുന്നവ(ന്മാ)ര്‍ക്കൊക്കെ വലിയ മൂച്ചാ. ആനപ്പൊറത്തിരിക്കുന്നവന്‍ പേടിക്കണ്ടന്നല്ലേ. ചില ചേട്ടന്മാര്‍ വണ്ടി നിര്‍ത്തി ഗ്ലാസ്സൊക്കെ താഴ്ത്തി വേണ്ടത്ര സമയമെടുത്താ പരിചയപ്പെടല്‍. ദൈവത്തിന്റെ ഒരു കൈപ്പിഴ എന്നു കരുതി പോകുന്ന മഹാമനസ്കരും ഉണ്ട് കേട്ടോ.
ഒരു ദിവസം, അതീവ ഗുരുതരമായ പല പ്രശ്നങ്ങളുമായി മസ്തിഷ്ക മല്‍പ്പിടുത്തം നടത്തി സ്റ്റാച്യൂവിലൂടെ വരുകയാണു. പുന്നല്‍ റോഡിലേയ്ക്കാ പോകേണ്ടത്.
വൌ.... കോരിത്തരിച്ചുപോയ്. എന്റെ എക്കാലത്തെയും പ്രൊബ്ലം സ്പോട്ടായ ഏജീസാഫീസിനു മുന്‍പിലെ T ജംഷന്‍ ക്ലിക്ലീനായി കിടക്കുന്നൂ. ആ മനോഹരികളായ സീബ്രാ വരകളെന്നെ മാടി വിളിക്കുന്നു. കിട്ടിയ അസുലഭാവസരം പാഴാക്കിയില്ല സീബ്രകളെ മൈന്‍ഡാതെ ഞാന്‍ കിട്ടിയ ലാക്കില്‍ ഒറ്റപ്പാച്ചില്‍ നേരെ ട്രാഫിക്ക് കുടയ്ക്കരികില്‍ ബ്രേയ്ക്കിട്ടു. ഇനി 45 ഡിഗ്രി തിരിഞ്ഞു ഇതുപോലെ മൂവായാല്‍ ഒരു L ക്രോസ്സിങ് ഒഴിവാക്കാം. അപ്പോള്‍ സെക്രട്ടറിയേറ്റിനും ഏജീസിനും ഇടയ്ക്കുള്ള റോഡിലൂടെ ഒരു പോലീസ് ജീപ്പു വന്നു യൂണിവേഴ്സിറ്റി ഭാഗത്തെയ്ക് പോയി. ഈ റോഡാണു എനിക്ക് ക്രോസ്സു ചെയ്യേണ്ടത്. ഞാന്‍ അടുത്ത മൂവിനുള്ള ഗിയറിട്ടതും സെക്രട്ടറിയേറ്റ് ഗേറ്റിലെ മാവില്‍ചോട്ടില്‍ ഇരിക്കാറുള്ള പോലീസേട്ടന്മാരിലൊരാള്‍ എന്റെ മുന്നിലേയ്ക്ക് ഒറ്റചാട്ടം. മൂപ്പരു കബഡികളിക്കാന്‍ നില്‍ക്കുന്നപോലെ അങ്ങനെ നില്‍ക്കുവാ എന്റെ മുന്‍പില്‍. ഇതെന്ത് കൂത്താ സ്വസ്തമായി റോഡു ക്രോസ്സു ചെയ്യനൊരവസരം കിട്ടിയതാ ഇതിങ്ങേരു നാശമാക്കുമോ, അതൊ പുത്തരികണ്ടം പോലെ കിടക്കുന്ന റോഡു കണ്ടിട്ട് ആശാനു പഴയ ഓര്‍മ്മകള്‍ വന്നു കബഡികളിക്കാന്‍ തുടങ്ങുവാണൊ എന്നൊക്കെ ചിന്തിക്കുന്ന റ്റൈമില്‍ നേര്‍ത്തേ ജീപ്പു പോയ വഴിയെ വേറൊരു വണ്ടിയും പിന്നാലെ ഒരു വെള്ള അംബാസിഡറും വന്നു, ഞാന്‍ പോലീസേട്ടന്റെ തോളിനു മുകളിലൂടെ കാറിന്റെ പിന്‍സീടിലിരിക്കുന്ന ആളെ കണ്ടു.
ഔര്‍ ഓണറബിള്‍ ചീഫ് മിനിസ്റ്റര്‍ അതേന്നേ നമ്മുടെ അച്ചുമ്മാന്‍।
കര്‍ത്താവേ മന്ത്രിയ്ക്ക് പോകാന്‍ ക്ലിയര്‍ ചെയ്ത് റോഡിലേയ്ക്കാ ഞാന്‍ വട്ടം ചാടിയത്. ഭാഗ്യം വേറെ കുഴപ്പമൊന്നുമുണ്ടായില്ല. ഞാന്‍ എന്റെ ടാര്‍ജറ്റിലേയ്ക്ക് പാഞ്ഞു. പോലീസേട്ടന്മാര്‍ അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നുണ്ട്, സോറീ തല്‍ക്കാലം സ്വീകരിക്കാന്‍ നിവര്‍ത്തിയില്ല ഞാനല്‍പ്പം ബിസിയാ.